മോന്‍സണ്‍ മാവുങ്കലിന് എതിരെ വീണ്ടും പീഡന പരാതി; മുൻ മാനേജർ ആണ് പരാതി നൽകിയത്

 

സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സണിന്റെ സ്ഥാപനത്തിലെ മുൻ മാനേജർ ആണ് പരാതി നൽകിയത്. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകിയിട്ടുണ്ട്. സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മോന്‍സണ്‍ പീഡിപ്പിച്ചു എന്നാണ് പരാതി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലും നേരത്തെ മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡനത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതിനിടെ മോന്‍സനെതിരായ പോക്സോ കേസിൽ കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി എടുത്തു. ഇന്നലെ വൈകിട്ടാണ് മൊഴി രേഖപ്പെടുത്തിയത്.

മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീടുകളിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതിപ്പെട്ടിരുന്നു.

മോന്‍സണ്‍ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സ്ഥാപനത്തിലെ മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.