സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് 111 പേർക്ക് കോവിഡ്

 

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണ് എന്നാണ് ഇന്നത്തെ കണക്ക് സൂചിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം ബാധിച്ചവരിൽ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 48 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് കൂടുതൽ കരുതൽ വേണമെന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ ഇന്ന് രോഗമുക്തരായി.

പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തുകയും ഈ എണ്ണം മൂന്നക്കത്തിലേക്ക് കടക്കുകയും ചെയ്ത ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.