നടന്നത് പണം തട്ടാനുള്ള ശ്രമം, കേസ് നിയമപരമായി നേരിടും: തുഷാര്‍ വെള്ളാപ്പള്ളി

തനിക്കെതിരെ നടന്നത് പണം തട്ടാനുള്ള ശ്രമമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നാണ് അവര്‍ പറഞ്ഞത്. കേസ് നിയമപരമായി തന്നെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. അജ്മാനിലെ ചെക്ക് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.

’20-ാം തിയ്യതിയാണ് ദുബായിലെത്തിയത്. 23 തിരുച്ചു പോകാനായിരുന്നു തീരുമാനം. ഇതിനിടിയില്‍ ദുബായിലെ സ്ഥലത്തിന് വലിയ വില പറഞ്ഞപ്പോള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പമെത്തിയ സി.ഐ.ഡികള്‍ അറസ്‌റഅറ് ചെയ്യുകയായിരുന്നു.

12-14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഒരു കമ്പനി ഉണ്ടായിരുന്നു. അതിന്റെ ലൈസന്‍സ് പത്ത് വര്‍ഷത്തിനിപ്പുറം പുതുക്കിയിട്ടില്ല. അവിടെ നിന്നുള്ള ചെക്ക് ലീഫ് മോഷ്ടിക്കുകയോ മറ്റേതെങ്കിലും വഴിലൂടെ സംഘടിപ്പിക്കുകയോ ചെയ്ത് കള്ള ഒപ്പിട്ട് കേസ് കൊടുത്താണ് അറസ്റ്റ് ചെയ്യിച്ചിരിക്കുന്നത്.

7200 ദര്‍ഹത്തിന്റെ കോണ്‍ട്രാക്ട് ആയിരുന്നു പരാതിക്കാരന് ഞാനുമായി ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും വലിയ തുക സംബന്ധിച്ച ആരോപണം എന്ത് അടിസ്ഥാനത്തിലാണ് ഉന്നയിക്കുന്നതെന്ന് തെളിയിക്കണം’ തുഷാര്‍ പറഞ്ഞു.

വണ്ടിചെക്ക് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ഇന്ന് വൈകുന്നേരമാണ് ജാമ്യം ലഭിച്ചത്. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.