മൂന്ന് വയസ്സുകാരൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും, കുട്ടിയുടെ മരണകാരണം നാണയം കഴിച്ചതല്ലെന്ന് ആശുപത്രി അധികൃതർ

Advertisement

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ പ്രൃഥിരാജ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും. സംഭവത്തിൽ സർക്കാർ ആശുപത്രികൾക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഇതേ സമയം കുട്ടിയുടെ എക്‌സറേ ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യങ്ങളിൽ നാണയം ആമാശയത്തിൽ തന്നെയാണുള്ളത്. ആമാശയത്തിലേക്ക് നാണയമെത്തിയതിനാൽ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ നൽകിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞിരുന്നു.

തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് ആശുപത്രി അധികൃതർ ആവർത്തിക്കുന്നത്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ സാദ്ധ്യമല്ലായിരുന്നുവെന്നുമാണ് ആലപ്പുഴ മെഡിക്കൽ കോളജ് നൽകുന്ന വിശദീകരണം.

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രൃഥിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് വരുന്നതിനാൽ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ല എന്നും ഡോക്ടർമാർ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.