പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു; 19കാരനടക്കം മൂന്നുപേർ പിടിയിൽ

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥിനികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (24), ബീമാപളി പത്തേക്കറിന് സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 17 നായിരുന്നു സംഭവം. മൂന്നംഗ സംഘം വിദ്യാർത്ഥിനികൾക്ക് തമ്പുരാൻമുക്കിന് സമീപമുല്ല ഹോട്ടലിൽ വച്ച് മദ്യം നൽകിയെന്നാണ് പൊലീസ് പറയുന്നത്. അമിതമായി മദ്യം അകത്തുചെന്ന വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണപ്പോൾ മുഖം കഴുകിക്കൊടുക്കാൻ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോട് വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിൻ്റെ മയക്കം വിട്ട പെൺകുട്ടികളാണ് മൂന്നംഗ സംഘം ലൈംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്. പിന്നാലെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ തുമ്പ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Read more