സൈബര്‍ ഗുണ്ടകള്‍ക്ക് മാതൃകയാക്കാവുന്ന ക്യാപ്‌സ്യൂളുകളാണ് പാര്‍ട്ടിയുടെ താത്വികാചാര്യന്മാര്‍ പടച്ചു വിട്ടിരുന്നത്; ഇ.എം.എസിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം

ലോകം കണ്ട ഏറ്റവും വലിയ ഭീകരതകളില്‍ ഒന്നായ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയില്‍ ഇഎംഎസ് അടക്കമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് വി ടി ബല്‍റാം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് അടക്കമുള്ള ഇന്ത്യയിലേയും കേരളത്തിലേയും പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ അതിക്രൂരമായ നരഹത്യയെ അന്തംവിട്ട് ന്യായീകരിക്കാന്‍ മുമ്പിലുണ്ടായിരുന്നു. ഇന്നത്തെ സൈബര്‍ ഗുണ്ടകള്‍ക്കും കടന്നലുകള്‍ക്കുമൊക്കെ മാതൃകയാക്കാവുന്ന ക്യാപ്‌സ്യൂളുകളായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ താത്വികാചാര്യന്മാരും പടച്ചുവിട്ടിരുന്നത്. ചൈനയുടെ മനുഷ്യത്വഹീനമായ ഈ കിരാത നടപടിക്കെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പി ഗോവിന്ദപ്പിള്ളയേപ്പോലെ അപൂര്‍വ്വം ചിലര്‍ തയ്യാറായി എന്നുമാണ് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ഭീകരതകളിലൊന്നായ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ വാര്‍ഷികമാണിന്ന്. കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയില്‍ ഭരണകൂടത്തിലെ വ്യാപകമായ അഴിമതിക്കെതിരേയും ജനങ്ങള്‍ക്ക് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളുമനുവദിക്കണമെന്നാവശ്യപ്പെട്ടും വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരമടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഒന്നര മാസത്തോളം രാജ്യവ്യാപകമായി നടന്ന സമരത്തിനൊടുവിലാണ് ബീജിംഗിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ പരിസരത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ഒരുമിച്ച് ചേര്‍ന്നത്. ‘ഞങ്ങള്‍ക്ക് ജനാധിപത്യം തരൂ, അല്ലെങ്കില്‍ മരണം’ എന്നും മറ്റുമെഴുതിയ പ്ലക്കാര്‍ഡുകളാണ് സമരക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ഇതിനുനേരെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരം 1989 ജൂണ്‍ 4 ന് അതിക്രൂരമായ പട്ടാള നടപടിയുണ്ടായത്.

കവചിത ടാങ്കുകളും യന്ത്രത്തോക്കുകളുമടക്കം എല്ലാവിധ യുദ്ധസന്നാഹത്തോടും കൂടിയാണ് രണ്ട് ലക്ഷത്തോളം വരുന്ന പട്ടാളത്തെ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിന്യസിച്ചത്. തുടര്‍ന്ന് സൈന്യം നടത്തിയ നരനായാട്ടില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ നിര്‍ദ്ദാക്ഷിണ്യം കൊന്നുതള്ളി. സമരക്കാര്‍ക്ക് പിരിഞ്ഞുപോകാന്‍ ഒരു മണിക്കൂര്‍ സമയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വെറും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ത്തന്നെ പട്ടാളം വെടിവയ്പാരംഭിച്ചു. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് പോലും നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിവച്ചാണ് ‘ജനകീയ വിമോചന സേന’ എന്ന് പേരിട്ടിട്ടുള്ള ചൈനീസ് പട്ടാളം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തോടുള്ള തങ്ങളുടെ കൂറ് കാണിച്ചത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും തെരുവുകളില്‍ തളം കെട്ടിയ മനുഷ്യരക്തം വെള്ളമുപയോഗിച്ച് അടിച്ച് കഴുകിയും മുഖം മിനുക്കാന്‍ പട്ടാളത്തിനും സര്‍ക്കാരിനും അധിക സമയം വേണ്ടിവന്നില്ല.

ചൈനീസ് സര്‍ക്കാര്‍ അവരുടെ ഔദ്യോഗിക കണക്കുകളില്‍ വെറും 300ഓളം മരണങ്ങളേ അംഗീകരിക്കാന്‍ തയ്യാറായിട്ടുള്ളൂ. എന്നാല്‍ 2700 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ചൈനീസ് റെഡ് ക്രോസിന്റെ കണക്ക്. അക്കാലത്ത് ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സര്‍ അലന്‍ ഡൊണാള്‍ഡടക്കമുള്ളവര്‍ നടത്തിയ പഠനത്തില്‍ 10,454 പേര്‍ കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്. തുടര്‍ന്നു നടന്ന വേട്ടയാടലുകളും ചേര്‍ത്താല്‍ വേറെയും പതിനായിരക്കണക്കിനാളുകള്‍ ഇരകളാണെന്ന് കാണാം.

സംഭവ സമയത്ത് ബീജിംഗില്‍ സന്ദര്‍ശകനായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിയേപ്പോലെ ഇടതുപക്ഷ അനുഭാവമുള്ളവര്‍ പോലും ഈ കൂട്ടക്കൊലയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. എന്നാല്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് അടക്കമുള്ള ഇന്ത്യയിലേയും കേരളത്തിലേയും പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ അതിക്രൂരമായ നരഹത്യയെ അന്തംവിട്ട് ന്യായീകരിക്കാന്‍ മുമ്പിലുണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്നത്തെ സൈബര്‍ ഗുണ്ടകള്‍ക്കും കടന്നലുകള്‍ക്കുമൊക്കെ മാതൃകയാക്കാവുന്ന ക്യാപ്‌സ്യൂളുകളായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ താത്വികാചാര്യന്മാരും പടച്ചുവിട്ടിരുന്നത്. ചൈനയുടെ മനുഷ്യത്വഹീനമായ ഈ കിരാത നടപടിക്കെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പി ഗോവിന്ദപ്പിള്ളയേപ്പോലെ അപൂര്‍വ്വം ചിലര്‍ തയ്യാറായി. എന്നാല്‍ അതിന്റെ പേരില്‍ ഗോവിന്ദപ്പിള്ളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് കേരളത്തിലെ സിപിഎം തയ്യാറായത്. അത്രത്തോളമുണ്ട് അവരുടെ ചൈന ഭക്തിയും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും!

ഇരമ്പിപ്പാഞ്ഞു വരുന്ന ടാങ്കുകള്‍ക്ക് മുന്നില്‍ നിരായുധനായി അവയെ തടഞ്ഞുനിര്‍ത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചിത്രം ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ദൃശ്യസന്ദേശമാണ്. 19 വയസ്സുകാരനായ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥി വാംഗ് വീലിനാണ് ഈ വിദ്യാര്‍ത്ഥി എന്ന് തിരിച്ചറിയപ്പെടുകയുണ്ടായി. എന്നാല്‍ പിന്നീട് ഇയാള്‍ക്കെന്ത് സംഭവിച്ചു എന്ന് ആര്‍ക്കുമറിഞ്ഞുകൂടാ. പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഇരുമ്പുമറകള്‍ തീര്‍ത്ത് മുന്നേറുന്ന ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന് മുമ്പില്‍ ജനാധിപത്യകാംക്ഷിയായ ഏതൊരു സാധാരണ മനുഷ്യനും സംഭവിച്ചേക്കാവുന്ന വിധി തന്നെ ആ വിദ്യാര്‍ത്ഥിക്കും അനുഭവിക്കേണ്ടി വന്നിരിക്കാം. പക്ഷേ, അങ്ങനെയുള്ളവര്‍ ഒന്നായും പത്തായും നൂറായും ആയിരമായുമൊക്കെ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും എന്നതിലാണ് ജനാധിപത്യത്തിന്റെ പ്രതീക്ഷ.