പണിമുടക്ക് തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു; സമരം വിജയിച്ചുവെന്നും വ്യാജ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും എളമരം കരീം

രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. രാജ്യമാകമാനം പണിമുടക്കിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. പണിമുടക്ക് രണ്ട് മാസം മുന്‍പ് പ്രഖ്യാപിച്ചതാണ്. എന്നിട്ടും ജനങ്ങള്‍ വലഞ്ഞു എന്ന തരത്തിലാണ് വാര്‍ത്ത നല്‍കുന്നത്. ഓട്ടോ തടഞ്ഞു. പിച്ചി, മാന്തി എന്നിങ്ങനെയുള്ള പരാതികളാണ് വലിയ വാര്‍ത്തയായി വന്നതെന്നും എളമരം കരീം ആരോപിച്ചു.

പണിമുടക്ക് പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എളമരം കരീമിന്റെ മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. അതിനിടെ കോടതികള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. ബിപിസിഎല്ലില്‍ പണിമുടക്ക് നിരോധിച്ചതിനെതിരായിരുന്നു കരീമിന്റെ വിമര്‍ശനം. മാനേജ്‌മെന്റ് നല്‍കിയ കള്ളപരാതിയിലാണ് കോടതി അങ്ങനൊരു നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനുഷ്യര്‍ക്ക് വേണ്ടിയാണ് പണിമുടക്കെന്നും മാധ്യമങ്ങള്‍ക്കും കോടതിക്കും ഈ ധാരണ വേണമെന്നും എളമരം കരീം പറഞ്ഞു. കോടതി വിധിയെ പുല്ല് വില കല്‍പിച്ചു തൊഴിലാളികള്‍ പണിമുടക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നെന്നും എളമരം കരീം പറഞ്ഞു.