കെ.വി തോമസ് ഉള്‍പ്പെടെ എടുക്കാചരക്കുകളാണ് സി.പി.എമ്മില്‍ പോയത്; പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിന് പിന്തുണ അറിയിച്ച കെവി തോമസ് അടക്കമുള്ള നേതാക്കളെ തൃക്കാക്കരയില്‍ അണിനിരത്തി വാര്‍ത്താ സമ്മേളനം നടത്തി ഇടതുമുന്നണി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ.ജോ ജോസഫിന് വേണ്ടി വോട്ട് ചോദിക്കുമ്പോഴും താന്‍ കോണ്‍ഗ്രസുകാരനാണെന്ന് കെ.വി.തോമസ് പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ നിന്നും പുറത്തായിട്ടും കോണ്‍ഗ്രസിന്റെ മേല്‍വിലാസത്തിലാണ് ഇവരെല്ലാം അറിയപ്പെടുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പരിഹസിച്ചു. കെ.വി.തോമസ് ഉള്‍പ്പെടെ എടുക്കാ ചരക്കുകളാണ് സിപിഎമ്മില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

ഷോക്കേസില്‍ പോലും വയ്ക്കാന്‍ കൊള്ളാത്ത കെ വി തോമസിനെ പ്രചാരണത്തിന് ഇറക്കാതെ ഏത് ലോക്കറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയത്.

Read more

കോണ്‍ഗ്രസ് അസ്വസ്ഥരുടെ കൂടാരമായി മാറിയെന്ന് കെ.പി. അനില്‍കുമാര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോയവരെ ആരും ചീത്തവിളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് വിട്ട ജി.രതി കുമാര്‍ , ഷെരീഫ് മരയ്ക്കാര്‍, എം.ബി.മുരളിധരന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.