സിനിമാ സെറ്റുകളില്‍ ഇനി അഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ , അംഗങ്ങള്‍ ഇരുപത്തേഴ്

സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ രൂപീകരിച്ചു. ഇരുപത്തേഴ് അംഗങ്ങളായിരിക്കുമുണ്ടായിരിക്കുക. കൊച്ചിയില്‍ ഫിലിം ചേംമ്പറിന്റെ അധ്യക്ഷതയില്‍ വനിത കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ‘അമ്മ’, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പത് സംഘടനകളില്‍ നിന്ന് മൂന്ന് പേരെ വീതമാണ് മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

കേരള ഫിലിം ചേംമ്പര്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാറാണ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അമ്മയില്‍ നിന്ന് ബാബുരാജ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന എന്നിവര്‍ ഉണ്ടാകും. ഒരു മാസത്തിനുള്ളില്‍ ഐസിസി പ്രവര്‍ത്തനം തുടങ്ങും. ഓരോ സിനിമ സെറ്റിലും നാല് പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും.ഐ സി സി എല്ലാ സംഘടനകളിലും വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അറിയിച്ചു. ആരെങ്കിലും രാജിവെച്ചിട്ടുണ്ടെങ്കില്‍ പകരം ആളുകളെ നിയമിക്കണമെന്നും സതീദേവി നിര്‍ദേശിച്ചു.