ട്രെയിനില്‍ വെച്ച് ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെ. സുധാകരന്റെ ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ ട്രെയിനില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്.

വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അന്തിമവാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. കുറ്റ വിമുക്തനാക്കണം എന്ന സുധാകരന്റെ ആവശ്യം തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ വിചാരണ നടപടി 2016ല്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും തുടര്‍ വാദമുണ്ടായിരുന്നില്ല. ഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് വിചാരണ നടപടികള്‍ വൈകുന്നതിനു കാരണമാകുന്നുവെന്നാണ് സര്‍ക്കാരിന്റെ വാദം.

1995 ഏപ്രില്‍ 12 ന് രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ആന്ധ്രാപ്രദേശിലെ ഒംഗോളില്‍ വച്ചാണ് ജയരാജന് നേരെ ഗുണ്ടാ സംഘം വെടിവച്ചത്. ഈ സംഭവത്തില്‍ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.