കളങ്കിതനായ വ്യക്തിയെ കളക്ടറാക്കിയത് അംഗീകരിക്കാനാവില്ല; നിയമനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതില്‍ എതിര്‍പ്പ് അറിയിച്ച് കോണ്‍ഗ്രസ്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കളങ്കിതനായ ഒരു വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്നും എന്തിന്റെ അടിസ്ഥാനത്തില്‍ ആയാലും ഈ നിയമനം പിന്‍വലിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. ഇത് സംബന്ധിച്ച് സമരത്തിലേക്ക് പോകണമോ എന്ന് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂര്‍ പ്രതികരിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിന് എതിരെ കേരള മുസ്ലിം ജമാഅത്ത് ജില്ലാക്കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

സര്‍ക്കാര്‍ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാരവുമാണ്. കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന ഒരു വ്യക്തിയെ ഇത്തരം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമ ലംഘകരെയും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഓശാന പാടുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ പെരുമാറ്റം. സത്യസന്ധതയോടെയും നീതിപൂര്‍വ്വമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്ന നടപടിയാണിതെന്നും ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Read more

ബഷീറിന്റെ മരണത്തെ തുടര്‍ന്നുള്ള കേസില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, തിരികെ സര്‍വീസില്‍ പ്രവേശിച്ചശേഷം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ പദവിയില്‍ നിന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചിരിക്കുന്നത്. ആലപ്പുഴയിലെ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളം ജില്ലയിലെ കളക്ടറായും നിയമിച്ചു.