സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവം: വീഴ്ച പറ്റിയിട്ടില്ല, വിശദീകരണവുമായി പൊലീസ്

തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിക്ക് സബപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. സംഭവത്തില്‍ ഇന്നലെ രാത്രി തന്നെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സിഐ അനീഷ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ആക്രമണം നടന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തുകയാണ്. ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും.

ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവത്തില്‍ ഇന്നാണ് കേസെടുത്തത് എന്ന് ഷിജി പറഞ്ഞിരുന്നു. മാര്‍ക്കറ്റിലെ സെയില്‍ ജീവനക്കാരിയായ ഷിജിയെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവായ സതീശാണ് മര്‍ദ്ദിച്ചത്. ഹെല്‍മെറ്റ് കൊണ്ട് തലയിലും കയ്യിലും അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഷിജിയുടെ കയ്യിലെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. തലയിലും പരിക്കുണ്ട്.

പ്രതി എത്തിയത് മദ്യ ലഹരിയിലാണെന്ന്് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പറഞ്ഞു. ആരും പിടിച്ച് മാറ്റിയില്ലായിരുന്നു എങ്കില്‍ സതീശ് ജീവനക്കാരിയെ അടിച്ച് കൊല്ലുമായിരുന്നു എന്നും പൊലീസിനെ അറിയിച്ചിട്ട് എത്താന്‍ വൈകിയെന്നും ഉടമ പറഞ്ഞു. സതീഷും കുടുംബവും നിലവില്‍ ഒളിവിലാണ്. മര്‍ദ്ദനമേറ്റ ഷിജിയെ തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു സന്ദര്‍ശിച്ചു. കേസെടുക്കാന്‍ വൈകിയ പൊലീസിനെ വിമര്‍ശിക്കുകയും എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ ഡെലിവറി സംബന്ധിച്ച കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഫോണിലേക്ക്് സതീശന്‍ വിളിച്ചിരുന്നു. ഷിജിയാണ് ഫോണ്‍ എടുത്തത്. ഭാര്യയോട് സംസാരിക്കണം എന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കടയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഭാര്യയോട് താന്‍ കാര്യം പറയാം എന്ന് പറഞ്ഞു കൊണ്ട് ഷിജി ഫോണ്‍ വെച്ചു. എന്നാല്‍ ഇക്കാര്യം സഹപ്രവര്‍ത്തകയെ അറിയിക്കാന്‍ ഷിജി മറന്നു പോയി. ഇതേ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ഷിജിയുടെ പരാതിയില്‍ പറയുന്നു.