കണ്ണൂരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ടൂറുപോയ ബസ് കത്തിനശിച്ചു; ആളപായമില്ല

കണ്ണൂരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിനോദ സഞ്ചാരത്തിന് പോയ ബസിന് തീപിടിച്ചു. കൂറ്റൂര്‍ മാതമംഗലം കോളജിലെ ബിഎഡ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയിലാണ് സംഭവം. ബസ്  പൂര്‍ണമായും കത്തി നശിച്ചെങ്കിലും ആളപായമില്ല.

ഗോവയിലേക്ക് പോയ സംഘം തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്.ബസില്‍ 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു.പോണ്ടയില്‍ നിന്നും രണ്ട് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പോണ്ടയില്‍ ബസിന്റെ ഉടമയ്ക്ക് 40 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

പറയുന്നതനുസരിച്ച്, വോള്‍വോ ബസ് ഓള്‍ഡ് ഗോവയില്‍ എത്തിയപ്പോള്‍ എഞ്ചിനില്‍ നിന്ന് പുക പുറന്തള്ളുന്നതായി മറ്റ് വാഹന ഡ്രൈവര്‍മാര്‍ പറഞ്ഞിരുന്നു. ബനസ്തരിമില്‍ എത്തിയപ്പോള്‍ ബസ് പെട്ടെന്ന് കത്താന്‍ തുടങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു എന്നാണ് ഗോവയിലെ ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നത്.