ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

കൊച്ചിയില്‍ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ സീനീയര്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ആണ് ജൂനിയറായ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയും കുസാറ്റ് മൂന്നാം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയുമായ കാളിദാസനാണ് അറസ്റ്റിലായത്.

രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലാരിവട്ടത്ത് പെണ്‍കുട്ടി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ യുവാവ് വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.