കെ.റെയിലിന് എതിരെ സമരം ശക്തമാക്കും, ഇ. ശ്രീധരനെയടക്കം പങ്കെടുപ്പിച്ച് സെമിനാർ നടത്തും: സുധാകരന്‍

കെ-റെയിലിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കര്‍ഷക സമരത്തിന് സമാനമായ രീതിയില്‍ സമരം സംഘടിപ്പിക്കും. പ്രക്ഷോഭ പരിപാടികൾക്കൊപ്പം ബോധവത്കരണവും നടത്തും. ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സില്‍വര്‍ ലൈനിനെതിരായി വീടുകള്‍ കയറി പ്രചാരണം നടത്തും. കെ.റെയിലിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്‌സും പഠിപ്പിക്കും.

ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരെയും സാമൂഹ്യ-സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരെയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാര്‍. ആദ്യത്തെ ഒരു മാസം ഇത്തരത്തില്‍ ബോധവത്കരണമാകും നടത്തുക. ഇതിന് ശേഷം മാര്‍ച്ച് ഏഴിന് കളക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്താനാണ് തീരുമാനമെന്നും സുധാകരന്‍ വ്യക്തമാക്കി.

കളക്ടറേറ്റ് മാര്‍ച്ച് കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാഘട്ടത്തിന് തുടക്കമിട്ടുള്ളതാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേതാക്കള്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങി ചെന്ന് ലഘുലേഖ വിതരണവും മറ്റു സമര പരിപാടികളും നടത്തുമെന്നും സുധാകരൻ പറഞ്ഞു.

Read more

ബിജെപിയുടെ സമരം വിശ്വസത്തിലെടുക്കാനാകില്ല. നാളെ കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് എണീറ്റ് നിന്ന് പറയാന്‍ കെ. സുരേന്ദ്രനും കൂട്ടരും ധൈര്യം കാണിക്കുമോ എന്ന് താന്‍ വെല്ലുവിളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.