ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലേറ്റു; കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. മുന്‍ കളക്ടര്‍ രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി. നിയമനത്തിന് എതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ശ്രീറാം ചുമതലേറ്റത്.

അതേ സമയം ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായാണ് പ്രതിഷേധിച്ച. എന്നാല്‍ പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രതികരണം.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. നിയമനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇത് റദ്ദാക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണിതെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.

Read more

സര്‍ക്കാര്‍ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ആരോപിച്ചു. ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. 2019 ലാണ് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.