മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ സമിതി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ  അപകടമരണത്തില്‍  സസ്‌പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ അന്വേഷണത്തിന് സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, ഊര്‍ജ്ജവകുപ്പ് സെക്രട്ടറി ബി. അശോക് എന്നിവര്‍ അടങ്ങുന്ന സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

സഞ്ജയ് ഗാര്‍ഗ് എന്‍ക്വയറി ഓഫീസറും ബി.അശോക് പ്രസന്റിംഗ് ഓഫീസറുമാണ്. സര്‍ക്കാര്‍ ഭാഗം പറയേണ്ട ഉത്തരവാദിത്വമാണ് പ്രസന്റിംഗ് ഓഫീസര്‍ക്കുളളത്.
ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഉന്നയിക്കേണ്ടതും പ്രസന്റിംഗ് ഓഫീസറാണ്. അന്വേഷണം നടത്തി അറുപത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവിലെ നിര്‍ദ്ദേശം. എന്നാല്‍ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ വകുപ്പുതല അന്വേഷണവും സമയബന്ധിതമായി പൂര്‍ത്തിയാകാനിടയില്ല. പൊലിസ് അന്വേഷണം വൈകുകയാണെങ്കില്‍ അന്വേഷണസമിതി സമയം നീട്ടിച്ചോദിച്ചേക്കും.

ഓള്‍ ഇന്ത്യാ സര്‍വീസ് റൂള്‍സ് അനുസരിച്ചാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ അന്വേഷണത്തിനായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. ശ്രീറാമിനെതിരെ വന്നിരിക്കുന്ന ആരോപണങ്ങളും തെളിവുകളും ശ്രീറാം സര്‍ക്കാരിന് നല്‍കിയിരിക്കുന്ന വിശദീകരണവും പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുകയാണ് സമിതിയുടെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ശ്രീറാമിനെ സമിതിക്ക് വിളിപ്പിക്കുകയുമാവാം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ അന്വേഷണവും തീര്‍പ്പും അനായാസം പൂര്‍ത്തീകരിക്കാവുന്നതല്ല. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാത്തതാണ് പ്രധാന തടസം.

കേസില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിനെ കുറ്റക്കാരനെന്ന് കണ്ടെത്താനോ കുറ്റവിമുക്തനാക്കാനോ സമിതിക്ക് കഴിയില്ല. കുറ്റക്കാരനാക്കിയാല്‍ അത് പൊലീസ് അന്വേഷണത്തെയും കോടതി വിധിയേയും സ്വാധീനിച്ചേക്കാം. അങ്ങനെ ചെയ്താല്‍ അത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ആക്ഷേപം വരാം. കുറ്റവിമുക്തനാക്കിയാല്‍ നിരപരാധിത്വം തെളിയിക്കുന്നതിനായി അത് കോടി
തിയില്‍ ഉന്നയിക്കാനും സാദ്ധ്യതയുണ്ട്. അപ്പോഴും സര്‍ക്കാരിനും സമിതിക്കും നേരെ ആക്ഷേപങ്ങള്‍ ഉയരാന്‍ ഇട നല്‍കും. ഇതില്‍ ഏത് വഴി സ്വീകരിച്ചാലും സമിതിയും സര്‍ക്കാരും വെട്ടില്‍ വീഴുന്ന സ്ഥിതിയാണ് ഇപ്പോഴുളളത്. അതുകൊണ്ടു തന്നെ കോടതി തീര്‍പ്പ് വരുന്നവരെ വകുപ്പുതല അന്വേഷണവും ഇഴയാനാണ് സാദ്ധ്യത.

ഓഗസ്റ്റ് മൂന്നിന് അര്‍ദ്ധരാത്രിയാണ് മദ്യപിച്ച് വാഹനമോടിച്ച് ശ്രീറാമിന്റെ കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ശ്രീറാമിനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മദ്യപിച്ചെന്ന് സ്ഥിരീകരിക്കുന്നതിന് രക്തസാമ്പിള്‍ നല്‍കാതെ രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം സ്വകാര്യആശുപ്രത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാന്‍ പൊലിസ് എത്തിയപ്പോഴേക്കും നിര്‍ണായകമായ മണിക്കൂറുകള്‍ കഴിഞ്ഞു പോയിരുന്നു. അതു കൊണ്ടുതന്നെ എടുത്ത രക്തസാമ്പിളില്‍ മദ്യത്തിന്റെ സാന്നിദ്ധ്യ കണ്ടെത്താനുമായില്ല.

Read more

ഈ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ ജാമ്യം നേടിയാണ് ശ്രീറാം പുറത്തിറങ്ങിയത്. മദ്യപിച്ചില്ലെന്നും വാഹനമോടിച്ചത് ഒപ്പമുണ്ടായിരുന്ന സ്ത്രീസുഹൃത്ത് വഫ ഫിറോസ് ആണെന്നുമാണ് ശ്രീറാമിന്റെവാദം. ഇതു തന്നെയാണ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പിലുമുളളത്. ആദ്യം ശ്രീറാമിനെ പിന്തുണച്ച വഫാ ഫിറോസ് പ്രതിഷേധം ശക്തമായതോടെ മൊഴി മാറ്റി. ഇത്തരം തെളിവുകളെല്ലാം സര്‍ക്കാര്‍ നിയോഗിച്ച സമിതിയും പരിശോധിക്കുമെന്നാണ് വിവരം.