രക്തസാമ്പിള്‍ എടുക്കാന്‍ വൈകി: മദ്യത്തിന്റെ അംശം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്ന് ഉപയോഗിച്ചോ എന്നും സംശയം; ശ്രീറാമിനെതിരായ വകുപ്പുകള്‍ ദുര്‍ബലമായേക്കും

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകള്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് സൂചന. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലമെന്നാണ് വിവരം. രക്തസാമ്പിള്‍ എടുക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിപ്പിച്ചത് ശ്രീറാമിനെ തുണയ്ക്കുമെന്ന കണക്കുകൂട്ടല്‍ ഇതോടെ ശക്തമാവുകയാണ്.

രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന വിവരം ലാബ് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സാമ്പിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാന്‍ കാരണം. അപകടം ഉണ്ടായി 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാമ്പിള്‍ എടുത്തത്.

അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാമ്പിള്‍ എടുക്കാനും ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് കുറിച്ചു.

ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സാമ്പിള്‍ എടുത്തത്. അതിനിടെ മദ്യത്തിന്റെ അംശം കുറയ്ക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ബാക്കിയാണ്. ആദ്യം ഇട്ട ദുര്‍ബ്ബലമായ എഫ്‌ഐആറിന് പകരം കടുത്ത സമ്മര്‍ദ്ദം മൂലം ഒടുവില്‍ ഐപിസി 304 പാര്‍ട്ട് 2 എന്ന കടുത്ത വകുപ്പാണ് ശ്രീഥാമിന് മേല്‍ ചുമത്തിയത്.

Read more

മദ്യപിച്ചില്ലെന്ന് തെളിഞ്ഞാല്‍ ഈ വകുപ്പ് നിലനില്‍ക്കുമോ എന്ന സംശയമുണ്ട്. പൊലീസ് ചുമത്തിയ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് ശ്രീറാമിന്റെ ജാമ്യാപേക്ഷ.