സിപിഎം കേരള യൂട്യൂബ് ചാനലിന് സിൽവർ ബട്ടൺ; കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ ആദ്യം

സി.പി.ഐ.എം കേരള യൂട്യൂബ് ചാനലിന് സിൽവർ ബട്ടൻ ലഭിച്ചു. പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിപിഐഎം കേരള എന്ന അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ സിൽവർ ബട്ടൻ പിടിച്ച് നിൽക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. 1.12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയതോടെയാണ് സിൽവർ ബട്ടൺ ലഭിച്ചത്.

കേരളത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ യൂ ട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് അണികളെ അറിയിക്കുന്നതിനും പാർട്ടിക്കെതിരെയുള്ള വിവാദങ്ങൾക്ക് മറുപടി നൽകുകയുമാണ് യൂ ട്യൂബ് ചാനൽകൊണ്ട് ലക്ഷ്യം വെക്കുന്നത്.

സമകാലിക വിഷയത്തിലുള്ള പാർട്ടിയുടെ നിലപാടുകളും വിശദീകരണങ്ങൾക്കൊപ്പം, ബൗദ്ധികമായ വിഷയങ്ങളിലുള്ള ക്ലാസുകളും ചാനലിൽ വരാറുണ്ട്. ഇതിന് പുറമെ സിപിഎം എംഎൽഎമാരുടെ നിയമസഭയിലെ പ്രസംഗങ്ങളും ചാനലിൽ അപ്ലോഡ് ചെയ്യാറുണ്ട്.