'മതതീവ്ര ഫത്വവകള്‍ക്ക് മറുപടി മാനവീകതയാണ്'; പെണ്‍കുട്ടികള്‍ക്ക് എസ്എഫ്‌ഐയുടെ പിന്തുണ; സംസ്ഥാന വ്യാപകമായി ഫ്‌ളാഷ് മോബ് നടത്തി പ്രതിരോധം

“മതതീവ്ര ഫത്വവകള്‍ക്ക് മറുപടി മാനവീകതയാണ്” എന്ന മുദ്രാവാക്യമുയര്‍ത്തി, മലപ്പുറത്ത് ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികള്‍ക്കുനേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഫ്ളാഷ് മോബ് നടത്തി പ്രതിഷേധിച്ചു.

എയിഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ നടത്തിയ ഫ്ളാഷ് മോബിനെതിരെയാണ് അശ്ലീല പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നത്. എന്നാല്‍ വലിയ പിന്തുണയും വിവിധകോണുകളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് ലഭിച്ചു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.സി. ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലപ്പുറം ഫ്ളാഷ് മോബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എംബി രാജേഷ് എം.പി ഇന്ന് രംഗത്തെത്തിയിരുന്നു. മലപ്പുറത്തെ ഫ്‌ളാഷ് മോബ് ചെയ്ത പെണ്‍കുട്ടികളുടെയും അവരെ പിന്തുണച്ച് അഭിപ്രായ പ്രകടനം നടത്തിയ സൂരജിന്റെയും നേര്‍ക്ക് ഇസ്ലാമിക മതമൗലിക-വര്‍ഗ്ഗീയ ശക്തികള്‍ തെറി വിളിയും ഭീഷണികളുമായി ഉറഞ്ഞു തുള്ളുകയാണല്ലോ. ഇതേ മതമൗലിക വര്‍ഗ്ഗീയ ശക്തികള്‍ തന്നെ മറ്റ് സന്ദര്‍ഭങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശത്തിന്റെയും വക്താക്കള്‍ ചമഞ്ഞ് പ്രത്യക്ഷപ്പെടാറുണ്ട്. പ്രതികള്‍ സംഘപരിവാറാകുമ്പോള്‍ ഇവര്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വക്താക്കള്‍. സംഘപരിവാറിന്റെ നിലയും സമാനമാണെന്നും എംബി രാജേഷ് പറഞ്ഞിരുന്നു