കാമുകിമാരുമായി ചാറ്റ് ചെയ്തതില്‍ വൈരാഗ്യം; സുഹൃത്തിനെ കൊലപ്പെടുത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

ആലപ്പുഴയില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി സനദന്‍ ടുഡുവിനെയാണ് വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സോമയ് ഹസ്ദയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കേസിലെ പ്രതിയായ സനദന്‍ ടുഡുവിന്റെ കാമുകിമാരുമായി കൊല്ലപ്പെട്ട സോമയ് ഹസ്ദ ചാറ്റ് ചെയ്തതാണ് പ്രതിയെ പ്രകോപിതനാക്കിയതും കൊലപാതകത്തിലേക്ക് നയിച്ചതും. ഇതുസംബന്ധിച്ച് നേരത്തെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അഞ്ച് ദിവസം മുന്‍പാണ് ചിങ്ങവനത്തെ ഹോളോബ്രിക്‌സ് ഫാക്ടറിയില്‍ ജോലിനോക്കിയിരുന്ന ഇരുവരും ആലപ്പുഴയിലേക്കെത്തിയത്.

കൊല്ലപ്പെട്ട സോമയ് ഹസ്ദയുടെ ഫോണ്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സനദന്‍ തന്റെ ഫോണ്‍ സോമയ് ഹസ്ദയ്ക്ക് ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. ഇരുവരും ഒരേ ഫോണിലാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നത്. പ്രതിയുടെ കാമുകിമാരുമായി സോമയ് ഹസ്ദ ഈ ഫോണിലൂടെ ചാറ്റ് ചെയ്തിരുന്നത് സനദന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായത്.

Read more

ഞായറാഴ്ച രാത്രി ഇരുവരും അമിതമായി മദ്യപിച്ചിരുന്നു. തുടര്‍ന്ന് കസേരയിലിരുന്ന സോമയ് ഹസ്ദയുടെ കഴുത്തിന് പിന്നിലൂടെ കയര്‍ മുറുക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.