ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ആദ്യം കാമുകനും പിന്നീട് സുഹൃത്തും, പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

 

തളിക്കുളം വില്ലേജ് തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ബിനേഷ് (35) , വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന്‍ മകന്‍ അനുദര്‍ശ് (32) എന്നിവരെയാണു ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി പത്ത് വര്‍ഷം വീതം കഠിന് തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക പീഡിപ്പിക്കപ്പെട്ട യുവതിക്ക് നല്‍കണമെന്നുമാണ് ഉത്തരവ്.

2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്നീഷ്യയായിരുന്നു, 22 വയസുള്ള യുവതി. രക്തദാനത്തിനെത്തിയ ബിനേഷ്, യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു പ്രണയം നടിച്ചു വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

ഗള്‍ഫില്‍ പോവുകയാണെന്നും മടങ്ങി വരാന്‍ രണ്ട് വര്‍ഷത്തോളമെടുക്കുമെന്നും അതിനാല്‍ കാണണമെന്നും കാമുകനായ ബിനേഷ് ആവശ്യപ്പെട്ടു. ബിനീഷിനെ കാണാനെത്തിയ യുവതിയെ അംബാസഡര്‍ കാറില്‍ കയറ്റി. കാറോടിച്ച രണ്ടാംപ്രതി അനുദര്‍ശ് ആര്യപാടം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തി. കാറിന്റെ ചില്ലുകള്‍ കയറ്റിയിട്ടു ഡോര്‍ ലോക്ക് ചെയ്ത ശേഷം അനുദര്‍ശ് പുറത്തേക്കു പോവുകയായിരുന്നു. ബിനേഷ് കാറിന്റെ പിന്‍സീറ്റില്‍ യുവതിയെ ബലാത്സംഗം  ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. പിന്നീട് ഒപ്പമുണ്ടായിരുന്ന യുവതിയുടെ സുഹൃത്തു കൂടിയായ അനുദര്‍ശിനോടു യുവതിയെ വീടിനടുത്ത് ഇറക്കാന്‍ പറഞ്ഞ് ബിനേഷ് സ്ഥലം വിട്ടു.

അനുദര്‍ശ് യുവതിയെയും കൂട്ടി തന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തി കാര്‍ ഓടിക്കുകയും ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ചു പലവട്ടം ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഉള്‍പ്രേദശത്തു കൂടിയായിരുന്നു അപ്പോള്‍ കാര്‍ സഞ്ചരിച്ചിരുന്നത്.

യുവതിയുടെ മൊബൈലിലെ സിം പ്രതികള്‍ എടുത്തു മാറ്റിയിരുന്നു. മകള്‍ രാത്രി എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രിയില്‍ പണിതീരാത്ത ആളൊഴിഞ്ഞ വില്ലയില്‍ കഴിച്ചു കൂട്ടിയ യുവതിയെ പ്രതികള്‍ തന്നെ പിറ്റേന്ന് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടു വിട്ടു. പിന്നീട് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

ഫോട്ടോ-കടപ്പാട് മംഗളം