ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല

കേരളത്തിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് അഭയസ്ഥാനമായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാത്തതിന്റെ പേരില്‍ സര്‍ജറികള്‍ മാറ്റിവെയ്ക്കേണ്ടി വരുന്നതിനെപ്പറ്റി ഡോ. ഹാരീസ് ചിറയ്ക്കല്‍ എന്ന യൂറോളജി മേധാവി എഴുതിയ ഹൃദയഭേദകമായ ഒരു കുറിപ്പ് ഫേസ് ബുക്കില്‍ കണ്ടത് ഞെട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കഴിവുകെട്ട ബ്യൂറോക്രസിയുമായും കെടുകാര്യസ്ഥതയുമായും നിരന്തരം ഏറ്റുമുട്ടി പരാജയപ്പെട്ടുപോയ ഒരു ഡോക്ടറുടെ ആത്മവിലാപമാണ് കണ്ടത്. സ്വന്തം മകന്റെ പ്രായമുള്ള ഒരു വൃക്കരോഗിയോട് ഇന്ന് ഓപ്പറേഷന്‍ നടക്കില്ല എന്നു പറയേണ്ടിവരുന്ന, നന്മയുള്ള ഒരു ഡോക്ടറുടെ നിസഹായാവസ്ഥ അതില്‍ ദര്‍ശിക്കാം. കേരളത്തിലെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ഇന്നു ഹൃദയമുള്ള ഓരോ ആരോഗ്യപ്രവര്‍ത്തകനും നേരിടേണ്ടി വരുന്ന മുഴുവന്‍ പ്രതിസന്ധികളും ഏതാനുംവാക്കില്‍ ആ ഡോക്റുടെ കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. ഹൃദയമുള്ള കേരളം അത് കേള്‍ക്കുന്നുമുണ്ട്.

ജീവന്‍ രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വില ഇരട്ടിയായതും ഡോക്ടര്‍ പറയുന്നു. ഇത് ഒരു മെഡിക്കല്‍ കോളജിലെ ഒരു ഡിപ്പാര്‍ട്ട്മെന്റിലെ മാത്രം അവസ്ഥയല്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള മെഡിക്കല്‍ കോളജുകളില്‍ ജില്ലാ ആശുപത്രികളില്‍, ഒക്കെ ഇതുതന്നെയാണ് അവസ്ഥ. അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ ഇല്ല. അടിയന്തിര ശസ്ത്രക്രിയയ്ക്കു ഉപകരണങ്ങള്‍ ഇല്ല. ഡോ. ഹാരീസ് ചിറയ്ക്കലിനെപ്പോലെ ആര്‍ജവമുള്ള മനുഷ്യരല്ലാതെ മറ്റാരും അത് തുറന്നു പറയുന്നില്ല എന്നു മാത്രം.

ഇത്രയും കെടുകാര്യസ്ഥത ഉണ്ടായ മറ്റൊരു സമയമുണ്ടായിട്ടില്ല. ആരോഗ്യരംഗം ഇത്രയേറെ തകര്‍ന്നുപോയ മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. കേരളം ഭരണപരാജയത്തിന്റെ പടുകുഴിയിലാണ്. സമസ്ത മേഖലകളിലും പരാജയമാണ്.

Read more

കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് ഡോ. ഹാരീസിനെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സത്യം തുറന്നു പറഞ്ഞതു കൊണ്ടു ബലിമൃഗമാക്കപ്പെടാന്‍ അദ്ദേഹത്തെ വിട്ടു കൊടുക്കില്ല.
പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്. അല്ലാതെ വേട്ടയാടല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.