രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം; എ.ഡി.ജി.പി അന്വേഷിക്കും; ഡി.വൈ.എസ്.പിക്ക് സസ്പെന്‍ഷന്‍

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐക്കാര്‍ അടിച്ചുതകര്‍ത്ത സംഭവം സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജി പിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് നല്‍കുവാന്‍ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമസാക്തമാവുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു.

ഓഫീസ് സ്റ്റാഫായ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്ന് ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ ആരോപിച്ചു.