'കൊലക്കേസ് പ്രതി കളക്ടറേറ്റ് വാഴുന്നു'; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി കേരള മുസ്ലിം ജമാഅത്ത്

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലെ ജില്ലാ കളക്ടറായി നിയമിച്ചതിന് എതിരെ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കുമാണ് മാര്‍ച്ച് നടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സഹോദരന്‍ കെ എം അബ്ദുറഹ്‌മാന്‍ പറഞ്ഞു. കൊലക്കേസ് പ്രതി കലക്ട്രേറ്റ് വാഴുന്നു, പ്രതിയെ വിശുദ്ധനാക്കാന്‍ ആര്‍ക്കാണ് തിടുക്കം, സര്‍ക്കാര്‍ നീതി നിഷേധിക്കരുത് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കേരള ജമാഅത്ത് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

മലപ്പുറത്ത് കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത കെ.എം ബഷീറിന്റെ കുടുംബം നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് പറഞ്ഞു. ഇതിനിടെ നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോണ്‍ഗ്രസും മുസ്ലീം ലീഗും ബഹിഷ്‌കരിച്ചു. ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണം.

Read more

ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേറ്റത്. 2019 ലാണ് കെ.എം.ബഷീറിനെ മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.