വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പിയും എന്‍.സി.പി നേതാവുമായ പി പി മുഹമ്മദ് ഫൈസലിനെ കോടതി ശിക്ഷവിധിച്ചതിന് ശേഷം പൊലീസ് നടത്തിയത് ചടുല നീക്കം. ഇന്ന് ഉച്ചക്കാണ് വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ പത്തു വര്‍ഷത്തെ തടവുശിക്ഷക്ക് കോടതി വിധിക്കുന്നത്. വിധി വന്നതിന് തൊട്ടുപിന്നാലെ പൊലീസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഉടന്‍ തന്നെ കണ്ണൂര്‍ സെട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.
കവരത്തിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയിലേക്കാണ് എംപിയെയും മറ്റുപ്രതികളെയും എത്തിച്ചത്. തുടര്‍ന്ന് രണ്ട് ഹെലികോപ്ടറുകളിലായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് കേരള പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ റോഡ് മാര്‍ഗമാണ് പ്രതികളെ ജയിലിലേക്ക് എത്തിച്ചത്.
ഫൈസല്‍ ഉള്‍പ്പെടെ നാല് പേരെയാണ് കവരത്തി ജില്ല സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. എം.പിയുടെ സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവരും ശിക്ഷിക്കപ്പെട്ടവരിലുണ്ട്. 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലി എന്നയാളെ ആ്രകമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ. കവരത്തി ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ജാമ്യാപേക്ഷ കോടതി പരിഗണിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ വിധിക്കുന്ന ജനപ്രതിനിധികള്‍ അയോഗ്യത നേരിടുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ എം.പി സ്ഥാനവും തുലാസിലാണ്. 32 പേരാണ് കേസില്‍ പ്രതികള്‍. ഇതില്‍ ആദ്യഘട്ടത്തിലുള്ള ശിക്ഷയാണ് വിധിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് ഒരു ഷെഡ് തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പി.എം സെയ്ദിന്റെ മരണത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് അക്രമം അരങ്ങേറിയത്. സെയ്ദിന്റെ മകളുടെ ഭര്‍ത്താവാണ് ആക്രമിക്കപ്പെട്ട മുഹമ്മദ് സാലി. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്ട് ചെയ്ത് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.
Read more
മുഹമ്മദ് ഫൈസലിനെതിരെ ട്യുണ കയറ്റുമതിയിലെ അഴിമതിയുമായ ബന്ധപ്പെട്ട കേസിലും സിബിഐ അന്വേഷണം നേരിടുന്നുണ്ട്. മുഹമ്മദ് ഫൈസല്‍. അനന്തരവന്‍ അബ്ദുള്‍ റസാഖ് ജോലി ചെയ്യുന്ന കൊളംബോയിലെ കമ്പനിയിലേക്ക് അനധികൃതമായി ട്യുണ കയറ്റുമതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് മുഹമ്മദ് ഫൈസല്‍ നേരിടുന്നത്. എന്‍.സി.പി നേതാവായ മുഹമ്മദ് ഫൈസല്‍ 2014 മുതല്‍ ലക്ഷദ്വീപ് എംപിയാണ്.