മലപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി, ഉപകരണങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു

മലപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്താണ് പൊലീസ് ഫാക്ടറി കണ്ടെത്തിയത്. ലഹരിവസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണിത്. അന്വേഷണത്തില്‍ ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പട്ടാമ്പി കുന്നത്ത് തൊടിയില്‍ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിച്ച് നല്‍കുന്നതായാണ് അറിയുന്നത്. വിവിധ ജില്ലകളിലേക്ക് ഇവ എത്തിച്ച് നല്‍കുന്നുണ്ട്. അന്തര്‍ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സൂചന.

പ്രദേശത്ത് ഇത്തരം ഒരു ഫാക്ടറി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നേരത്തെ വേങ്ങരയില്‍ സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി പൊലീസ് കണ്ടെത്തിയിരുന്നു.