പൊലീസ് നിയമഭേദഗതി എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കും ബാധകം; സര്‍ക്കാര്‍ വിജ്ഞാപനം

സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ പൊലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും ബാധകം. ഭേദഗതിയിൽ സൈബർ മാധ്യമം എന്ന് പ്രത്യേക പരാമർശമില്ല.

വ്യാജ വാ‍ർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി. പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി.

സൈബർ ക്രൈം എന്ന പേരിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ക്രിയാത്മക വിമർശനങ്ങൾക്കും കൂച്ചുവിലങ്ങിടുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ആരോപണമുയരുന്നത്.

സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ ചെറുക്കാൻ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് വ്യാഖ്യാനം.

പക്ഷെ പുതിയ ഭേദഗതി പ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീർത്തിപ്പെടുത്തുകയോ, തകർക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താൽ പ്രസ്തുത വ്യക്തി അഞ്ചുവർഷം തടവിനോ, 10,000 രൂപ പിഴയ്‌ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണെന്ന് കേരള പൊലീസ് ആക്ട് 118 (എ) പറയുന്നു.

ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പൊലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം.