'ലഗേജ് എടുക്കാൻ മറന്നിട്ടില്ല’; സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

ദുബായ് യാത്രയിൽ മുഖ്യമന്ത്രി ലഗേജ് എടുക്കാൻ മറന്നു എന്ന സ്വപ്ന സുരേഷിൻ്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ‌ലഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, റോജി എം ജോൺ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 2016 മുതൽ എത്ര തവണ ദുബായ് സന്ദർശിച്ചു എന്ന ചോദ്യത്തിന് അഞ്ച് തവണ സന്ദർശിച്ചെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

സന്ദർശനങ്ങളെല്ലാം ഔദ്യോഗികമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലഗേജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും താൻ ബാഗേജ് എടുക്കാൻ മറന്നിട്ടില്ല എന്നാണ് മറുപടി നൽകിയത്. സ്വപ്നയുടെ പുതിയ ആരോപണങ്ങള്‍ക്കും മറുപടി ആവശ്യമില്ലന്നും സ്വപ്ന ക്ലിഫ് ഹൗസില്‍ വന്നപ്പോഴെല്ലാം കോണ്‍സുല്‍ ജനറലും ഒപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ ദുബൈ യാത്രയില്‍ ബാഗേജ് മറന്നെന്നും ശിവശങ്കര്‍ ഇടപെട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യുഎഇയില്‍ എത്തിച്ചെന്നും ഇതില്‍ കറന്‍സിയായിരുന്നു എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചനക്കേസിൽ കേസിൽ സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡിയും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.

രണ്ട് അന്വേഷണ സംഘങ്ങളും ഇന്ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ അഭിഭാഷകന്റെ കൂടി നിർദ്ദേശം പരിഗണിച്ചായിരിക്കും സ്വപ്നയുടെ നീക്കം.