കോവിഡിന് പ്രതിരോധത്തിന് ​ഗ്ലൂക്കോസ് ചികിത്സ; ​ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്ക്ക് നിയന്ത്രണം

ഗ്ലൂക്കോസ് ലായനി മൂക്കിൽ ഒഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്നുള്ള പ്രചാരണം വ്യാപകമായതോടെ കോഴിക്കോട് കൊയിലാണ്ടി താലൂക്കിൽ ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്ക്ക് നിയന്ത്രണം.

ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറായ കൊയിലാണ്ടിയിലെ ഇ എൻ ടി ഡോക്ടർ ഇ സുകുമാരനാണ് 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി രണ്ട് നേരം മൂക്കിൽ ഒഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.

ഡോക്ടറുടെ അവകാശവാദ പത്രവാർത്തയായി വന്നതിന് പിന്നാലെ ജില്ലയിൽ ഗ്ലൂക്കോസ് ലായനി വിൽപ്പന വ്യാപകമായെന്ന് കാണിച്ച് ആരോഗ്യ പ്രവർത്തകർ സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിന് പരാതി നൽകിയിരുന്നു.

ചെറിയ കുപ്പികളിലാക്കിയുള്ള ഗ്ലൂക്കോസ് വിൽപന കണ്‍ട്രോൾ ഡ്രഗ്സ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്നാണ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പന നിരോധിച്ചത്.