പാലാരിവട്ടം പാലം പൊളിച്ച് പണിയുമെന്ന് മുഖ്യമന്ത്രി: ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കും; മേല്‍നോട്ട ചുമതല ഇ. ശ്രീധരന്

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം പൂര്‍ണമായും പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്.

പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തില്‍ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരന്‍ പറയുന്നത് പാലം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ്. ഈ അഭിപ്രായം പരിഗണിച്ചാണ് സര്‍ക്കാര്‍ പാലം പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read more

സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനെ തന്നെ ചുമതലപ്പെടുത്തി. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തില്‍ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബറില്‍ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.