'ഇനി മത്സരിക്കാനില്ലെന്ന് ഒ. രാജഗോപാല്‍; എം.എല്‍.എ സ്ഥാനം മടുത്തു, ശിഷ്ടകാലം ആശ്രമ ജീവിതം'

ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ. രാജഗോപാല്‍. താന്‍ വഹിക്കുന്ന എംഎല്‍എ സ്ഥാനം മടുത്തുവെന്നും ഇനിയുള്ള കാലം പുസ്തകം വായനയും ആശ്രമ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒ. രാജഗോപാല്‍ വ്യക്തമാക്കി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ബിജെപി പൂര്‍ത്തിയാക്കിയെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ് പാര്‍ലമെന്ററി രാഷ്ട്രീയം വേണ്ടെന്ന തുറന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

താങ്കളുടെ തീരുമാനം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെ എന്ന രാജീവ് ദേവരാജിന്റെ ചോദ്യത്തോ്ട് തനിക്കതിന് വിഷമമില്ലെന്ന മറുപടിയായിരുന്നു രാജഗോപാല്‍ നല്‍കിയത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് കൊണ്ടാണോ താങ്കള്‍ പിന്മാറുന്നതെന്ന് ചോദിച്ചാലും തനിക്ക് വിഷമമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

കാലങ്ങളായി കേരളത്തിലെ പല മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടിയിട്ടുള്ള ഒ. രാജഗോപാല്‍ ആദ്യമായി വിജയിക്കുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. ബിജെപിയുടെ ഏക എംഎല്‍എയായ ഒ. രാജഗോപാല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് പാര്‍ട്ടിയുടെ കേരളത്തിലെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്.