ആരും ആരോടും കടക്ക് പുറത്ത് പറയരുത്, അതാണ് കോണ്‍ഗ്രസ് നിലപാട്: വി.ഡി സതീശന്‍

രണ്ട് ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നിറക്കി വിട്ട ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആരും ആരോടും കടക്ക് പുറത്ത് പറയരുതെന്നും അതാണ് കോണ്‍ഗ്രസ് നിലപാടെന്നും സതീശന്‍ പറഞ്ഞു.

ഭരണഘടനാ പദിവിയിലിരുന്ന് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണ് ഗവര്‍ണറുടേത്. ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണിത്. തിരഞ്ഞ് പിടിച്ച് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി ബാലിശം.വളരെ മോശം പദ പ്രയോഗം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഇതാദ്യമല്ല.

ആരും ആരോടും കടക്ക് പുറത്ത് പറയരുത്. അതാണ് കോണ്‍ഗ്രസ് നിലപാട്. സെക്രട്ടേറിയറ്റിലെ പ്രവേശന വിലക്കിനെതിരെയും സമരം വേണം. മാധ്യമ മാരണ നിയമം വീണ്ടും കൊണ്ട് വരാനാണ് സര്‍ക്കാര്‍ നീക്കം. ഇറങ്ങി പോകാന്‍ പറഞ്ഞ അതേ ഗൗരവം മാധ്യമങ്ങള്‍ക്കെതിരായ എല്ലാ നടപടികള്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Read more

തരംതാണ രീതിയിലേക്ക് ഗവര്‍ണര്‍ മാറരുതെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മുട്ടാളത്തരവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. രാജ് ഭവന് മുന്നിലേക്ക് വരാന്‍ ഗവര്‍ണര്‍ വെല്ലുവിളിച്ചു, ഇതാ വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു