നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. രാവിലെ തൃശൂരിലെ കെ കരുണാകരൻ സ്മാരകത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചു.
ആര് എതിർത്താലും നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. അൻവറിന്റെ കാര്യം പറയേണ്ടത് കോൺഗ്രസിലെ മുതിർന്ന നേതാക്കളാണ്. മുതിർന്ന നേതാക്കളാണ് ചർച്ച നയിക്കുന്നത്. സ്ഥാനാർത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാർട്ടി ചിഹ്നത്തിൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നിലമ്പൂരിൽ സ്ഥാനാർത്ഥി ഉണ്ടായതെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിന് വലിയ സ്വീകരണമാണ് ഇടതുമുന്നണി പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും ഉണ്ട്.
Read more
യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തിൽ പിവി അൻവറിന്റെ തീരുമാനവും ഇന്നുണ്ടായേക്കും. അതേസമയം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്.