മുഖ്യമന്ത്രിയും സിപിഎമ്മും മൂടി വയ്ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞത്; പ്രതിപക്ഷ നേതാവ് ഇമേജുണ്ടാക്കാൻ ശ്രമിക്കുന്നെന്നും ദീപിക

പാലാ ബിഷപ്പിന്‍റെ വാദങ്ങൾ സിപിഎം ശരിവെച്ചെന്ന് ദീപിക പത്രത്തിൽ ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ പാർട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ലേഖനം പറയുന്നു. സി പി എം സർക്കുലറിൽ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്നും ലേഖനത്തിലുണ്ട്.

ബിഷപ്പ് പറഞ്ഞതിന് മതത്തിൻ്റെ പരിവേഷം നൽകാൻ ചിലർ ശ്രമിച്ചു. ബിഷപ്പ് പറഞ്ഞതിന് മതത്തിന്റെ പരിവേഷം നൽകാൻ ചിലർ ശ്രമിച്ചു. സിപിഎം ഇപ്പോൾ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇമേജുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ചങ്ങനാശ്ശേരിയിൽ നിന്നു തന്നെ കാര്യങ്ങൾ മനസിലായതു കൊണ്ടാണ് പാലായിലേക്ക് പോകാതിരുന്നത്. ഇമേജ് കാത്ത് സൂക്ഷിക്കാൻ കോട്ടയത്ത് ചില പൊടിക്കൈകൾ കാട്ടി. ബിജെപിക്ക് കാര്യങ്ങൾ ബോധ്യമുണ്ടെങ്കിൽ നടപടി എടുക്കുകയാണ് വേണ്ടത്. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുത്. താലിബാൻ വർഗ്ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാൻ സമൂഹം നിന്നു കൊടുക്കരുതെന്നും ലേഖനത്തിൽ പറയുന്നു. അസോസിയേറ്റ് എഡിറ്റർ സി.കെ.കുര്യാച്ചൻ ആണ് ലേഖനം എഴുതിയിരിക്കുന്നത്.

അതേസമയം, മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിനെ വിമർശിച്ച് സുന്നി മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേട്ടക്കാരന് മന്ത്രി പുംഗവൻ ഹാലേലുയ്യ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനം പറയുന്നത്. വ്യത്യസ്ത മത വിഭാഗങ്ങൾക്ക് വ്യത്യസ്ത നീതിയെന്ന പരാതിയും ലേഖനത്തിലുണ്ട്.