60 ലക്ഷം മുടക്കി ട്രെയിൻ വാടകയ്‌ക്കെടുത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്

ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ട്രെയ്ന്‍ വാടകയ്ക്ക് എടുത്ത് മുസ്ലീം ലീഗ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിന്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്.

60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിന്‍ എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 17 സ്ലീപ്പര്‍ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവര്‍ത്തകരെ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകള്‍ എന്നിങ്ങനെയാണ് ഈ ചാര്‍ട്ടേഡ് ട്രെയ്‌നില്‍ ഉള്ളത്.

മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ഈ ചാര്‍ട്ടേഡ് ട്രെയ്ന്‍ പുറപ്പെടും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. 1416 പ്രവര്‍ത്തകര്‍ക്ക് ഈ ട്രെയ്‌നില്‍ യാത്ര ചെയ്യാം.

വെള്ളിയാഴ്ച രാവിലെ ട്രെയ്ന്‍ ചെന്നൈ എഗ്മോറിലെത്തും. അവിടെ നിന്ന് തമിഴ്നാട് സര്‍ക്കാര്‍ ബസില്‍ പ്രവര്‍ത്തകരെ സമ്മേളനനഗരിയായ രാജാജിഹാളില്‍ എത്തിക്കും. 75 വര്‍ഷം മുമ്പ് ഖ്വായിദ്-ഇ-മില്ലത്ത് പാര്‍ട്ടിക്ക് രൂപം നല്‍കിയത് ഇവിടെയായിരുന്നു.

തമിഴ്നാട് സര്‍ക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ ചാര്‍ട്ടേഡ് ട്രെയിന്‍ തിരിച്ച് പ്രവര്‍ത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും. കേരളത്തില്‍ നിന്ന് 700 പ്രതിനിധികള്‍ പങ്കെടുക്കും.

Read more

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ലീഗിന്റെ ഭാവി തന്നെ നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങള്‍ പ്ലാറ്റിനം ജൂബിലിയില്‍ കൈക്കൊള്ളുമെന്നാണ് നേതാക്കള്‍ പറയുന്നത്.