മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലാൽ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മിൽ. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ആ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറയുകയാണ് ലാൽ ജോസ്. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിൽ പൃഥ്വിരാജ് കരഞ്ഞുകൊണ്ട് ഒരു കുട്ടിയുടെ കാലിൽ തൊടുന്ന രംഗമുണ്ട്. കഥയിൽ ആ സീനുള്ളതുകൊണ്ടാണ് സിനിമ ചെയ്യാൻ താൻ തീരുമാനിച്ചതെന്നും കുട്ടിയെ ചികിത്സിക്കാൻ കഴിയില്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് ഒരു ഡോക്ടറെ എത്തിച്ച സംഭവം എന്താണെന്നുള്ളത് കൗതുകം ജനിപ്പിക്കുന്നതാണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
‘ആ സീൻ സ്ക്രിപ്റ്റിലുള്ളതാണ്. സിനിമ ഞാൻ ചെയ്യാമെന്ന് തീരുമാനിക്കുന്നത് തന്നെ കഥയിൽ ആ മൊമന്റ് എനിക്ക് ഇഷ്ടമായതുകൊണ്ടാണ്. ഒരു ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാൻ കഴിയില്ല എന്ന് പറയുന്ന അത്രയും ക്രൂരനാകുന്ന ഒരു സാഹചര്യം. എന്തുകൊണ്ട് അയാൾ ആ അവസ്ഥയിലേക്കെത്തി എന്നത് കൗതുകമുള്ള കാര്യമാണ്. പിന്നെ അയാൾ കുഞ്ഞിന്റെ കാല് തൊട്ട് മനസിൽ മാപ്പ് പറയുന്ന നിമിഷം. അത് രണ്ടും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതാണ്’ എന്നാണ് ലാൽ ജോസ് പറയുന്നത്.