ആർ.എസ് എസ് - സി.പി.എം ബന്ധം അഖിലേന്ത്യാതലത്തിലെ ധാരണ; രണ്ടാം പിണറായി സർക്കാർ മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതിയെന്ന് മുല്ലപ്പള്ളി

ആർ.എസ് എസ് – സി.പി.എം ബന്ധം താൻ പറഞ്ഞപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചില്ലെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത് അഖിലേന്ത്യാതലത്തിലെ ധാരണയാണ്. ഇക്കാര്യം എല്ലായിടത്തും തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. രണ്ടാം പിണറായി സർക്കാർ നരേന്ദ്രമോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതിയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനായി കെ. സുധാകരൻ സ്ഥാനമേല്‍ക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയത്. എന്നാൽ ആരുടേയും മുൻപിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല. സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും കോൺഗ്രസ് പാര്‍ട്ടി ഘടന മാറണം. ആഭ്യന്തര ജനാധിപത്യം ഉറപ്പു വരുത്താതെ ഒരു സെമി കേഡര്‍ പാര്‍ട്ടി പോലുമല്ലാത്ത കോണ്‍ഗ്രസിനു മുന്നോട്ട് പോവാനും ലക്ഷ്യത്തില്‍ എത്തിച്ചേരാനുമാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

പലപ്പോഴും ജില്ലാ കോണ്‍ഗ്രസ് നേതാക്കളോടും എല്ലാ തലത്തിലും പ്രവര്‍ത്തിക്കുന്ന നേതാക്കളോടും കാര്‍ക്കശ്യത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടുണ്ട്. അച്ചടക്കവും ഐക്യവും ഉറപ്പുവരുത്താനാണ് ആ നിലപാട് സ്വീകരിച്ചത്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളിൽ നിന്ന് ഈ നിമിഷം വരെ പരിപൂര്‍ണമായ സഹായ സഹകരണം നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡിസ്‌കസ്, ഡിബേറ്റ്, ആന്റ് ഡീസന്റ് അതായിരുന്നു തന്‍റെ തീരുമാനം. ജനാധിപത്യത്തിന്റെ കാതലും അതു തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. പ്രസിഡന്റ് പദവി തന്നെ സംബന്ധിച്ച് ഒരു കടുത്ത വെല്ലുവിളിയായിരുന്നു. കേന്ദ്രത്തിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ട് കോണ്‍ഗ്രസ് ഇനി തിരിച്ചു വരികയില്ല എന്ന് എല്ലാവരും വിധിയെഴുതിയ ആ ചരിത്രത്തിലെ വിഷമകരമായ സാഹചര്യം. അതു കൊണ്ട് തന്നെ ദൗത്യം വളരെ വലുതായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ കെ. സുധാകരന് എല്ലാവിധ ആശംസകളും നേരുകയാണെന്നും മുല്ലപ്പള്ളി അറിയിച്ചു.