മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും; സംസ്ഥാനം സജ്ജമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

ജലനിരപ്പ് താഴ്‌ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് വെള്ളിയാഴ്‌ച രാവിലെ ഏഴിന് തുറക്കും. ഇക്കാര്യം ഔദ്യോഗികമായി തമിഴ്‌നാട് അറിയിച്ചതായി ജലവിഭവവകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സംസ്ഥാനം സജ്ജമാണ്. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി സുപ്രീംകോടതിയിൽ ഇന്ന് നിലപാടറിയിച്ചിരുന്നു. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിച്ചെന്നും മേൽനോട്ട സമിതി സുപ്രീംകോടതിയിൽ പറഞ്ഞു. 142 അടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന ജലനിരപ്പ്. മേൽനോട്ടസമിതി ശിപാർശയിൽ കേരളം നാളെ മറുപടി നൽകും.

മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി പരിഗണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്. ജലനിരപ്പ് 139 അടിയിൽ നിജപ്പെടുത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്‌തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധി രൂക്ഷമാവുമെന്നും കേരളം വ്യക്തമാക്കി.

എന്നാൽ അണക്കെട്ടിന്റെ സുരക്ഷ പ്രധാനമെന്നും നിലവിലെ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.