മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ വിധി സസ്‌പെന്‍ഡ് ചെയ്ത് ഹൈക്കോടതി

ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ വധശ്രമക്കേസില്‍ വിധി സസ്‌പെന്‍ഡ് ചെയ്ത് ഹൈക്കോടതി. 10 വര്‍ഷത്തെ തടവ് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ അടക്കം നാല് പ്രതികള്‍ നല്‍കിയ ഹര്‍ജിയിയിലാണ് ഹൈക്കോടതു വിധി. ജസ്റ്റിസ് ബെഞ്ചു കുര്യന്‍ തോമസ് ആണ് ഹര്‍ജിയില്‍ വാദം കേട്ടത്. മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാതെയാണ് കവരത്തി കോടതി വിധി പ്രസ്താവിച്ചതെന്നും വധശ്രമത്തിന് ഉപയോഗിച്ച ആയുധം പോലും കണ്ടെത്തിയിട്ടില്ലെന്നും ഫൈസല്‍ അടക്കമുള്ള പ്രതികള്‍ വാദിച്ചു.

എന്നാല്‍ ആയുധം കണ്ടെത്തിയില്ലെങ്കിലും ശക്തമായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ കൈകടത്തുനിന്നില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കോടതിക്ക് ഉണ്ടെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 27ന് സുപ്രീംകോടതി പരിഗണിക്കും.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യം പുറത്തിറങ്ങും എന്നതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന്ഹര്‍ജിയില്‍ മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ശശി പ്രഭു എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചത്.