തിരുവനന്തപുരത്തെ ആക്രി കടയിൽ നിന്ന് മുന്നൂറിലധികം ആധാർ കാർഡുകൾ കണ്ടെടുത്തു

തിരുവനന്തപുരം കാട്ടാക്കടയിൽ ആക്രി കടയിൽ നിന്നും 300 ൽ കൂടുതൽ ആധാർ കാർഡുകൾ കണ്ടെടുത്തു.  വില്പനക്കെത്തിച്ച 50 കിലോയോളം പേപ്പറുകൾക്ക് ഇടയിൽ നിന്ന് കവർ പോലും പൊട്ടിക്കാത്ത നിലയിലാണ് ആധാർ രേഖകൾ കണ്ടെത്തിയത്. ഇതോടൊപ്പം ഇൻഷുറൻസ് കമ്പനി, ബാങ്ക്, രജിസ്റ്റർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് അയച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്.

പൊതുപ്രവർത്തകനായ മധു എന്നയാൾ അതുവഴി പോയപ്പോഴാണ് ആധാർ കാർഡുകൾ ഇവിടെ കിടക്കുന്നത് കണ്ടത്. ഈ സമയം ആക്രി കടയുടെ ഉടമസ്ഥൻ പേപ്പറുകൾ തരം തിരിക്കുകയായിരുന്നു. തുടർന്ന് ഇയാൾ പൊലീസിൽ വിവരം അറിയിച്ചു.

Read more

പൊലീസിന്റെ അന്വേഷണത്തിൽ കരകുളം ഭാഗത്തേക്ക് വിതരണം ചെയ്യേണ്ട ആധാർ കാർഡുകളാണ് ഇതിൽ ഉള്ളതെന്ന് കണ്ടെത്തി. ഏകദേശം നാലുവർഷത്തോളമായി വിതരണം ചെയ്യേണ്ട പല രേഖകളും ഇതിൽ ഉണ്ടായിരുന്നു. ഇതെങ്ങനെയാണ് നഷ്ടമായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.