കോടികളുടെ മണിചെയിന്‍ തട്ടിപ്പ്: കൊച്ചിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

 

മണിചെയിന്‍ കമ്പനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ബെന്‍സന്‍, ജോഷി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കമ്പനിയുടെ പ്രമോട്ടര്‍മാരാണ്. വെണ്ണല സ്വദേശിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

ക്രൗഡ് വണ്‍ എന്ന കമ്പനിയുടെ പേരിലാണ് ഇവര്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. 2019-ല്‍ യു.എ.ഇ.യില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് ക്രൗഡ് വണ്‍. രണ്ട് വര്‍ഷത്തിനിടെ കോടികളാണ് കമ്പനിയുടെ പേരില്‍ തട്ടിയെടുത്തിട്ടുള്ളത്. സ്വീഡന്‍ സ്വദേശിയാണ് കമ്പനിയുടെ ഉടമയെന്നാണ് പ്രതികള്‍ പറയുന്നത്. പക്ഷേ ഇടപാടുകള്‍ നടന്നിരിക്കുന്നത് കേരളത്തില്‍ വെച്ചാണ്.

പണം ബിറ്റ്‌കോയിനിലേക്ക് മാറ്റിയതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ മറ്റു രണ്ട് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറയുന്നു. കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.