രജിസ്റ്റർ ചെയ്യാതെ അതിഥി തൊഴിലാളികൾ എത്തുന്നു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യാതെ അതിഥി തൊഴിലാളികൾ എത്തുന്നത് സ്ഥാിതിഗതികൾ സങ്കീർണമാക്കുന്നുയ ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ എത്തുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തുന്നതാണ് വെല്ലുവിളിയാകുന്നത്.

ലോക്ഡൗണിൽ നിർത്തിവെച്ചിരുന്ന കെട്ടിടനിർമ്മാണവും മറ്റ് ജോലികളും വീണ്ടും തുടങ്ങിയതോടെ ദിവസവേതനക്കാർക്ക് തൊഴിൽസാധ്യത കൂടി. ഇതോടെ നാടുകളിലേക്ക് തിരിച്ച് പോയ അതിഥി തൊഴിലാളികൾ മടങ്ങി വരാൻ തുടങ്ങി. ഭൂരിഭാഗം പേരും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് മടങ്ങിവരുന്നത്.

എന്നാൽ രജിസ്റ്റർ ചെയ്യാതെ എത്തുന്ന ചിലരാണ് ആശങ്ക സൃഷ്ടിക്കുന്നത്. സർക്കാർ അനുമതി വേണമെന്ന ധാരണയില്ലാത്ത തൊഴിലാളികളിൽ ചിലർ ചരക്ക് ലോറികളും മറ്റും കയറി സംസ്ഥാനത്തേക്കെത്തുന്നു. ഇവരെ പരിശോധിക്കാൻ കൃത്യമായ സംവിധാനമില്ലാത്തതും മറ്റൊരു വെല്ലുവിളി.

ആലുവയിലെ കടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയായ യുവതി ദില്ലിയിൽ നിന്നെത്തിയത് ആരോഗ്യ പ്രവർത്തകർ അറിഞ്ഞില്ല. നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ഇവർ സംഭവം അറിയുന്നത്. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാർ തന്നെ ഇവരുടെ ക്വാറന്‍റീൻ ഉറപ്പാക്കണമെന്നാണ് നിബന്ധന. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള ചെലവ് വഹിക്കാൻ ചില കരാറുകാർ തയ്യാറാകാത്തതാണ് പ്രശ്നം.