ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസുകാര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാത്തതും എന്തു കൊണ്ടാണ്; ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍

Advertisement

വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ്. ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ മാവോയിസ്റ്റുകള്‍ക്ക് മാത്രം പരിക്കേല്‍ക്കുന്നതും പൊലീസിന് എന്തുകൊണ്ടാണ് പരിക്കേല്‍ക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുമ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്ത കഥകളാണ് പൊലീസ് പറയുന്നത്. ആന്ധ്ര, തെലങ്കാന, മണിപ്പൂര്‍, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തരത്തിലുള്ള കഥകള്‍ കേള്‍ക്കുന്നു. എല്ലാ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലെ കഥ തന്നെയാണ് ഇവിടെയും പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയ പലരെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തെളിഞ്ഞിട്ടുണ്ടെന്നും. ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റഷീദ് പറഞ്ഞു. ജലീലിന്റെ മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടായ ഉപവനിലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെയ്പ്പുണ്ടായത്. ദേശീയപാതയക്ക് സമീപത്താണ് റിസോര്‍ട്ട്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റ് വിരുദ്ധ സേനയായ കേരള പോലീസിന്റെ തണ്ടര്‍ ബോള്‍ട്ടുമായിട്ടായിരുന്നു ഏറ്റുമുട്ടല്‍. റിസോര്‍ട്ടിലെത്തി ഇവര്‍ പണം ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടായിയെന്നും പറയപ്പെടുന്നു. നിലവില്‍ കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി.