മാടപ്പളളി പൊലീസ് അതിക്രമം; പ്രതിഷേധം ശക്തം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിഷേധം ശക്തം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നടപടികള്‍ നിര്‍ത്തിവച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ വാക് ഔട്ട് നടത്തിയതിന് പിന്നാലെ സഭ നടപടികള്‍ അല്‍പ സമയത്തേക്ക് നിര്‍ത്തി വയ്ക്കുന്നതായി സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. സഭയില്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ചോദ്യോത്തരവേള നടത്തിയിരുന്നു.

സഭയില്‍ ബാനറും പ്ലക്കര്‍ഡുകളും ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടുരുകയായിരുന്നു. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന കീഴ്‌വഴക്കം സഭയില്‍ ഇല്ലെന്നും, അംഗങ്ങള്‍ സീറ്റിലേക്ക് മടങ്ങണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവില്‍ വാക് ഔട്ട് നടത്തുകയായിരുന്നു. പൊലീസ് നരനായാട്ട് നടത്തിയെന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.

Read more

ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സഭയില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സ്തീകളോടും കുട്ടികളോടും നീതി കാണിക്കാത്ത സ്ത്രീ വിരുദ്ധ സര്‍ക്കാരാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.