കടകൾ എല്ലാ ദിവസവും തുറക്കണം, ടി.പി.ആർ കണക്കാക്കിയുള്ള നിയന്ത്രണം അവസാനിപ്പിക്കണം; വ്യാപാരികൾ കോടതിയിൽ

എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കണക്കാക്കിയുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ കോടതിയിൽ.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയിൽ നൽകിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും. ടിപിആർ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കുന്നതിന് സർക്കാരിനു നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്.

വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗമുള്ളവരെയും സമ്പർക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റുന്നതിന് നടപടി വേണമെന്നുമാണ് ആവശ്യം.

രണ്ട് പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക് കൊവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.

നികുതി ഇളവും കെഎസ്ഇബി കുടിശിഖയിൽ ഇളവും ബാങ്ക് ലോണുകൾക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു സർക്കാരിനു നിർദ്ദേശം നൽകണമെന്നുമാണ് ആവശ്യം.

സ്‌റ്റോക്ക് ചെയ്തിട്ടുളള ഉൽപ്പന്നങ്ങൾ നശിച്ചുപോയതിനു നഷ്ടപരിഹാരം നൽകുന്നതിനും നിർദ്ദേശം നൽകണം. കോവിഡ് അതിജീവന പാക്കേജിന്റ ഭാഗമായി സർക്കാരിനു നൽകിയിട്ടുള്ള ജിഎ്‌സ്ടി തുക തിരികെ നൽകുന്നതിനു നിർദ്ദേശം നൽകണമെന്നും ഹരജിയിൽ പറയുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. അബ്ദുൾ ഹമീദ്, എം.കെ. തോമസുകുട്ടി, പി. കുഞ്ഞാവു ഹാജി, സംസ്ഥാന സെക്രട്ടറിയമാരായ എ.ജെ. ഷാജഹാൻ, പി.സി. ജേക്കബ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.