ചിരഞ്ജീവിയ്ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ല, വ്യാജവാര്‍ത്ത നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തിവിട്ടത്. ആധാര്‍ കാര്‍ഡ് പ്രകാരം ജനന വര്‍ഷം 1966 ആണ്. കഴിഞ്ഞ രണ്ടു വര്‍ഷവും അവര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ആളെ കണ്ടുകൊണ്ട് പ്രായം നിശ്ചിയിക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ ശബരിമലയില്‍ യുവതിയെ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ ബോധപൂര്‍വം ഉള്ള വ്യാജ പ്രചാരണമാണ് നടന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സിനിമാ താരം ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമല ദര്‍ശനം നടത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരണവുമായി രംഗത്തെത്തിയത്.