യുഎന്‍എയുടെ സമരത്തെ തള്ളി ഹോസ്പിറ്റല്‍സ് അസോസിയേഷന്‍; ചേര്‍ത്തല കെവിഎം ആശുപത്രിക്ക് പിന്തുണ

കൊച്ചി: ചേര്‍ത്തലയിലെ കെവിഎം ആശുപത്രിയിലെ പ്രശ്നമുന്നയിച്ച് നേഴ്സുമാരുടെ സംഘടന യുഎന്‍എ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് നീതീകരിക്കാനാകില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (കെപിഎച്ച്എ). യാതൊരു മുന്നറിയിപ്പുമില്ലാതെ രോഗികളെ ഉപേക്ഷിച്ച് സമരത്തിനിറങ്ങിയ ആശുപത്രിയിലെ ഏതാനും നേഴ്സുമാര്‍ക്കെതിരെ നടപടിക്രമങ്ങള്‍ പാലിച്ച് കെവിഎം ആശുപത്രി മാനേജ്മെന്റ് സ്വീകരിച്ച അച്ചടക്ക നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കാനും കെപിഎച്ച്എ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രശ്നം പരിഹരിക്കാന്‍ മറ്റ് പല മാര്‍ഗങ്ങളും ഉണ്ടെന്നിരിക്കെ സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത യുഎന്‍എ-യുടെ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിഎച്ച്എ ആരോപിച്ചു.

അംഗബലത്തിന്റെ ഹുങ്കില്‍ എന്തും നേടിയെടുക്കാമെന്ന അഹങ്കാരമാണ് യുഎന്‍എയുടെ തീരുമാനം വെളിവാക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. യുഎന്‍എയുടെ ഇത്തരം നടപടികള്‍ തകര്‍ച്ച നേരിടുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ നിലനില്‍പ്പിന് വെല്ലുവിളിയായിരിക്കുകയാണ്. ആരോഗ്യ രംഗത്ത് സംസ്ഥാനത്തെ 80%-ത്തോളം സേവനം നല്‍കുന്ന സ്വകാര്യ ആശുപത്രികളെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും ശത്രു പക്ഷത്ത് നിര്‍ത്താനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഇത് സര്‍ക്കാരും ജനങ്ങളും തിരിച്ചറിഞ്ഞ് കേരളത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കുകയെന്ന ദൗത്യം ഏറ്റെടുക്കണമെന്നും കെപിഎച്ച്എ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

അശാസ്ത്രീയമായ വേതന വര്‍ധനവും നിയന്ത്രണ നിയമങ്ങളും മൂലം സ്വകാര്യ ആശുപത്രികള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. ഇതിനിടെയാണ് നീതീകരിക്കാനാകാത്ത കാരണങ്ങളുന്നയിച്ച് യുഎന്‍എ പണിമുടക്കിലേക്ക് പോകുന്നത്. നിത്യേന വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവ് മൂലം ആശുപത്രികളിലെ ചികിത്സാച്ചെലവ് ഗണ്യമായി കൂട്ടേണ്ട സ്ഥിതിയിലേക്കെത്തുകയാണ്. തന്മൂലം മികച്ച ചികിത്സയും അടിയന്തര ചികിത്സയും സാധാരണക്കാരന് അപ്രാപ്യമാകുകയും കേരളത്തിലെ ആരോഗ്യ രംഗം തന്നെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേരള മോഡല്‍ ആരോഗ്യസേവന സംവിധാനം സംരക്ഷിക്കണമെന്നും കെപിഎച്ച്എ അഭ്യര്‍ഥിച്ചു.