പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

സിനിമ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി കാണുന്നില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് സഹായം നല്‍കും. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Read more

കേരളത്തിലെ തലയെടുപ്പുള്ള സംവിധായകര്‍ അവരുടെ സിനിമ സ്‌ക്രീനിംഗ് ചെയ്യും. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കും. ഒന്നരക്കോടി എടുത്തവര്‍ തന്നെ വെള്ളം കുടിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുക മൂന്നായി വീതിക്കാന്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സിനിമാ ധനസഹായം സിനിമാ നയത്തിന്റെ ഭാഗമാക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.