സെക്രട്ടേറിയറ്റിന്റെ സുരക്ഷാവലയം കടന്ന് കെ.എസ്‌.യു വനിതാപ്രവര്‍ത്തകര്‍ മതില്‍ ചാടി, മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തെത്തി മുദ്രാവാക്യം വിളിച്ചു

സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടി സുരക്ഷാവലയം ഭേദിച്ച് കെ.എസ്‌.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് പൊലീസ് ഒരുക്കിയ വലിയ സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്തു കടന്ന് മുദ്രാവാക്യം വിളിച്ചത്. ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെ.എസ്‌.യു സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെതുടര്‍ന്ന് കര്‍ശന സുരക്ഷയാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇതിനെയും ഭേദിച്ചാണ് ഇവര്‍ അകത്തു കടന്നത്.

സമരപ്പന്തലില്‍ കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി. ഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടയ്ക്കാണ് മൂന്ന് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്നത്. മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഴുവന്‍ കണ്ണ് വെട്ടിച്ച് ഇവര്‍ അകത്തു കടന്നത്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പൊലീസും പിടി കൂടിയെങ്കിലും അതിലൊരാള്‍ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് മുന്നില്‍ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

കേരള സര്‍വകലാശാല വിസിയെ ഉപരോധിച്ചതിനു പിന്നാലെ പ്രവര്‍ത്തകര്‍ സര്‍വകലാശാല കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പെണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കുക, കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളജ് യൂണിറ്റ് മുറിയിലും സര്‍വകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. പ്രധാന ഗേറ്റില്‍ കാത്തുനിന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മറ്റൊരു ഗേറ്റിലൂടെ ഏഴു പ്രവര്‍ത്തകര്‍ ആദ്യം സര്‍വകലാശാലയ്ക്ക് ഉള്ളിലും പിന്നീടു കെട്ടിടത്തിനു മുകളിലും സ്ഥാനം പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാര്‍ കാണാതെ ബിരുദ വിഭാഗത്തിനു സമീപത്തുകൂടിയാണ് മുകളില്‍ എത്തിയത്.